ആദ്യമായി പാചകം ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന കറിയാണ് തക്കാളി കറി. ഒരുപാട് ചേരുവകളൊന്നും ഇല്ലാതെ വളരെ പെട്ടന്ന് തന്നെ ഈ കറി തയ്യാറാക്കി എടുക്കാം. കൂടാതെ തക്കാളി കറി ഏതു ഭക്ഷണത്തോടൊപ്പവും കഴിക്കാൻ സാധിക്കും. വളരെ രുചികരമായ ആർക്കും തയ്യാറാക്കാൻ സാധിക്കുന്ന എളുപ്പത്തിൽ ഒരു തക്കാളി കറി ഉണ്ടാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് 3 ഉണക്ക മുളക് പൊട്ടിച്ച് ചേർക്കുക. അതിലേക്ക് അരക്കപ്പ് ചുവന്നുള്ളി, ഒരു ടീസ്പൂൺ വെളുത്തുള്ളി, ഒരു ടീസ്പൂൺ ഇഞ്ചി, ആവശ്യത്തിനു കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഉള്ളി എല്ലാം നല്ലതുപോലെ വഴന്നു വന്നതിനു ശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുത്തത് പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിലേക്ക് നാലു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയോജിപ്പിക്കുക. അതിനുശേഷം മൂടിവെച്ച് തക്കാളി നല്ലതുപോലെ വേവിച്ചെടുക്കുക. തക്കാളി എല്ലാം വെന്തുടഞ്ഞതിനുശേഷം അര ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ കുരുമുളകുപൊടിയും മല്ലിയിലയും ചേർക്കാവുന്നതാണ്. ശേഷം കറി നല്ലതുപോലെ കുറുകി വന്നാൽ ഇറക്കി വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.