പച്ചമാങ്ങ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അച്ചാർ ഉണ്ടാക്കിയും മീൻകറി ഉണ്ടാക്കുമ്പോഴും പച്ചമാങ്ങ എല്ലാ വീട്ടമ്മമാരും ഉപയോഗിക്കാറുണ്ട്. ഇപ്പോൾ ചോറിനൊപ്പം ഒഴിച്ചുകൂടാൻ പച്ച മാങ്ങ കൊണ്ട് ഒരു കറി ഉണ്ടാക്കാം. പെട്ടന്ന് ഉടഞ്ഞുപോകാത്ത മാങ്ങ എടുക്കുക. ആദ്യം തന്നെ പച്ച മാങ്ങ ചെറിയ കഷ്ണങ്ങളാക്കി നീളത്തിൽ മുറിച്ചെടുത്ത് മാറ്റിവയ്ക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിൽ 10ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില, എരുവിന് ആവശ്യമായ പച്ചമുളക് അരിഞ്ഞത്, രണ്ട് സവാള ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക.
അതിനുശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് വീണ്ടും കൈകൊണ്ട് നന്നായി തിരുമ്മുക. അതിനുശേഷം അതിലേക്ക് രണ്ട് കപ്പ് രണ്ടാംപാൽ ചേർക്കുക. അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന മാങ്ങയും ചേർത്ത് ഇളക്കി കൊടുക്കുക. ശേഷം അടച്ച് വെച്ച് നന്നായി തിളപ്പിച്ചെടുക്കുക.
ചാറ് എല്ലാം നന്നായി കുറുകി വന്നതിനുശേഷം അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. ഉടൻ തന്നെ തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, ആവശ്യത്തിന് കറിവേപ്പില, രണ്ടു വറ്റൽ മുളക് എന്നിവ ചേർത്ത് വറുത്ത് കറിയിലേക്ക് ഒഴിക്കുക. പച്ച മാങ്ങ കൊണ്ട് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒഴിച്ചുകറി ഇന്ന് തന്നെ വീട്ടിൽ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.