പലതരത്തിലുള്ള കട്ലറ്റുകൾ നാം കഴിച്ചിട്ടുണ്ട് കണ്ടിട്ടുമുണ്ട്. ചോറ് കൊണ്ട് ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് രുചികരമായ ഒരു കട്ലറ്റ് ഉണ്ടാക്കിയെടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതിന് നോക്കാം. ഇതിനു രണ്ട് കപ്പ് ചോറ് മാത്രം മതി. ഇത് ഉണ്ടാക്കാൻ ഏത് ടൈപ്പ് ചോറു വേണമെങ്കിലും എടുക്കാം. ആദ്യം തന്നെ എടുത്തു വച്ചിരിക്കുന്ന ചോറ് വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
അതിലേക്ക് ചെറുതായി അരിഞ്ഞ സവോള, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, എരുവിന് ആവശ്യമായ പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള നന്നായി വഴന്നു വന്നതിനുശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൊരിയിച്ചെടുക്കുക. അതിനുശേഷം കുറച്ച് മുളകുപൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യാനുസരണം ഗ്രേറ്റ് ചെയ്ത ക്യാരറ്റ്, കാബേജ്, എന്നിവയും മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യമെങ്കിൽ ഗ്രീൻപീസും ചേർക്കാം.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ പച്ചക്കറികളെല്ലാം വഴറ്റി കൊടുക്കുക. ശേഷം അര ടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പുളി വെള്ളം ചേർക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക. അതിനുശേഷം അരച്ച് മാറ്റിവെച്ച ചോറിലേക്ക് ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഉടച്ചു ചേർക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച മസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ കട്ലറ്റ് തയ്യാറാക്കി എടുക്കുക. കട്ലേറ്റ് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചത്, ഒരു പാത്രത്തിൽ പൊടിച്ച ബ്രഡും എടുത്തുവയ്ക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച ഓരോന്നും മുട്ടയിൽ മുക്കി ബ്രെഡിൽ പൊതിഞ്ഞെടുത്തു തയ്യാറാക്കി വയ്ക്കുക. അതിനു ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കി തയ്യാറാക്കിയ ഓരോ കട്ലറ്റുകളും ഇട്ടുകൊടുക്കുക. തിരിച്ചും മറിച്ചും ഇട്ട് നന്നായി മൊരിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വക്കുക. ശേഷം ചെറിയ ചൂടോടുകൂടി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.