ബ്രെഡ് ഉപയോഗിച്ചുകൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന നല്ല മൊരിഞ്ഞ വട തയ്യാറാക്കിയാലോ. വൈകുന്നേരം ചായക്ക് അഞ്ചുമിനിട്ടിൽ കടി ഈ രീതിയിൽ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ നാല് ബ്രെഡ് എടുത്തു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിലേക്ക് നാല് ടീസ്പൂൺ റവ, അര ടീസ്പൂൺ ഇഞ്ചി, 3 പച്ചമുളക് ചെറുതായരിഞ്ഞത്, പകുതി സവാള ചെറുതായരിഞ്ഞത് , കാൽ ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, ചെറുതായരിഞ്ഞ കറിവേപ്പില എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ചെടുക്കുക. ഒരുപാട് വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം ഒരു 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക. അതിനുശേഷം കയ്യിൽ കുറച്ച് വെള്ളം എടുത്തു നനയ്ക്കുക. ശേഷം തയ്യാറാക്കിയ മാവിൽ നിന്ന് കുറച്ചെടുത്ത് കയ്യിൽ വെച്ച് പരത്തിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ നന്നായി ചൂടായ ശേഷം തയ്യാറാക്കിവെച്ച ഓരോ വടയും ഇട്ടുകൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഈ ബ്രഡ് വട എല്ലാവരും ഇന്നു തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.