അരിപ്പൊടിയും റവയും ഉപയോഗിച്ച് ഒരുപാട് നാലുമണി പലഹാരങ്ങൾ തയ്യാറാക്കാറുണ്ട്. വളരെയധികം വ്യത്യസ്തമായ രീതിയിൽ ഇതുവരെ കാണാത്ത പലഹാരം തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് റവ എടുത്ത് നന്നായി വറുത്തെടുക്കുക. റവയുടെ പച്ചമണം എല്ലാം മാറുന്നതു വരെ വറുത്തെടുക്കുക. അതേ സമയം മറ്റൊരു പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കര അല്പം വെള്ളമൊഴിച്ച് അലിയിച്ചു എടുക്കുക.
റവ നല്ലതുപോലെ വറുത്തു വന്നതിനുശേഷം ശർക്കര വെള്ളം റവയിലേക്ക് ഒഴിച്ചു കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശർക്കര എല്ലാം വറ്റി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യും അര ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി തണുക്കാനായി മാറ്റി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപൊടി ഇട്ടുകൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് നന്നായി ഇളക്കി എടുക്കുക. അതിലേക്ക് ഒരു കപ്പ് ചൂടുവെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മാവിന്റെ ചൂട് ചെറുതായൊന്നു മാറിയതിനുശേഷം കൈയിൽ അൽപ്പം എണ്ണ തേച്ച് നന്നായി തിരുമ്മി എടുക്കുക. കുറച്ച് സമയം മാറ്റി വെക്കുക. അതിനുശേഷം തയ്യാറാക്കിയ റവയിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് വെക്കുക.
അതിനുശേഷം അരിപ്പൊടി മാവിൽ നിന്നും ഉരുളകൾ ഉരുട്ടി കൈകൊണ്ട് പരത്തി റവ ഉരുളകൾ അതിനകത്ത് വെച്ച് പൊതിഞ്ഞു എടുക്കുക. അതിനുശേഷം ഒരു വാഴയില കുമ്പിൽ ഉണ്ടാക്കി അതിനകത്ത് ഉരുളകൾ വെച്ച് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക. മറ്റൊരു രീതിയിൽ ഉണ്ടാക്കിവെച്ച റവ ഉരുളകൾ മൈദ ദോശമാവ് പരുവത്തിൽ കലക്കി അതിൽ മുക്കിയെടുത്ത് എണ്ണയിൽ പൊരിച്ചു എടുക്കാവുന്നതും ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.