മത്തി മീൻ കിട്ടിയാൽ എല്ലാ വീട്ടമ്മമാരും കൂടുതൽ ഉണ്ടാക്കുന്ന കറിയാണ് മീൻ മുളകിട്ടത്. കൂടുതൽ ആളുകൾക്കും മീൻ കറികൾ മുളകിട്ട് വെക്കുന്നതിന് ആയിരിക്കും താല്പര്യം. മീൻ മുളകിട്ടത് കഴിക്കാൻ താല്പര്യപ്പെടുന്നവർക്ക് വ്യത്യസ്തമായ രീതിയിലുള്ള മീൻ മുളകിട്ടത് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ മത്തി കഴുകി വൃത്തിയാക്കി വെക്കുക.
ശേഷം ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ ഉലുവ ഇട്ട് പൊട്ടിക്കുക അതിനു ശേഷം ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില, 3 പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക.
തക്കാളി നന്നായി വെന്തു വന്നതിനുശേഷം അതിലേക്ക് മൂന്ന് ടീ സ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം കറിക്ക് ആവശ്യമായ പുളി വെള്ളം ഒഴിച്ചു കൊടുക്കുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. കറിയിൽനിന്ന് എണ്ണ എല്ലാം തെളിഞ്ഞു വരുന്നത് വരെ തിളപ്പിക്കുക. എണ്ണ എല്ലാം തെളിഞ്ഞു വന്നതിനുശേഷം കറിക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക.
ശേഷം അടച്ചുവെച്ച് കറി നന്നായി തിളപ്പിക്കുക. കറി നന്നായി തിളച്ച് വന്നതിനു ശേഷം വൃത്തിയാക്കി വെച്ച മത്തി ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ഇടുക. അതിനു ശേഷം മീൻ നന്നായി വേവിച്ചെടുക്കുക. മീൻ വെന്തു വന്നതിനുശേഷം ആവശ്യത്തിന് കറിവേപ്പില ഇട്ട് ഇറക്കി വയ്ക്കാം. ഇന്നുതന്നെ എല്ലാ വീട്ടമ്മമാരും മത്തി ഇതുപോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.