എണ്ണ ചേർക്കാതെ ഉണ്ടാക്കുന്ന പലഹാരങ്ങൾ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ആ കാര്യത്തിൽ ഓരോ വീട്ടമ്മമാരും വളരെയധികം ശ്രദ്ധിക്കാറും ഉണ്ട്. ഗോതമ്പ് പൊടിയും പഴവും ശരീരത്തിന് ഗുണകരമായ ഭക്ഷണപദാർത്ഥമാണ്. ഇതാ എല്ലാ വീട്ടമ്മമാർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ആവിയിൽ വേവിച്ചെടുക്കുന്ന നാലുമണി പലഹാരം ഉണ്ടാക്കി നോക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ മധുരത്തിന് ആവശ്യമായ ശർക്കര ആവശ്യത്തിന് വെള്ളം ഒഴിച്ച് അലിയിച്ച് എടുക്കുക. അതേ സമയം മറ്റൊരു പാത്രത്തിലേക്ക് അര ടീ സ്പൂൺ വെളിച്ചെണ്ണയൊഴിച്ച് രണ്ട് വലിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വെളിച്ചെണ്ണയ്ക്ക് പകരം നെയ്യ് ഉപയോഗിക്കാവുന്നതാണ്.
നേത്രപ്പഴം വഴന്നു വന്നതിനുശേഷം അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ഉരുക്കിവെച്ചിരിക്കുന്ന ശർക്കര കുറേശ്ശെയായി ചേർത്ത് ഇളക്കിയോജിപ്പിക്കുക.
ശേഷം അതിലേക്ക് തയ്യാറാക്കി വെച്ച പഴം ചേർത്ത് നല്ലതുപോലെ ഇളക്കി വക്കുക. ശേഷം ഒരു പാത്രം എടുത്തത് അതിൽ കുറച്ചു നെയ്യോ അല്ലെങ്കിൽ എണ്ണയോ പുരട്ടി തയ്യാറാക്കിവെച്ച മിക്സ്സ് ഒഴിച്ചു കൊടുക്കുക. അതിനു ശേഷം ആവിയിൽ പത്തോ പതിനഞ്ചോ മിനിറ്റ് വെച്ചു നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ആവശ്യാനുസരണം മുറിച്ച് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.