കടകളിലും ബേക്കറികളിലും കിട്ടുന്ന പഞ്ഞി പോലുള്ള വട്ടയപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതുപോലെ വീട്ടിൽ തയ്യാറാക്കാൻ ശ്രമിക്കുമ്പോൾ കട്ടികൂടി പോവുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്യുന്നു. എന്നാൽ പഞ്ഞി പോലുള്ള സോഫ്റ്റ് വട്ടയപ്പം ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് പച്ചരി എടുക്കുക.
നാലു മുതൽ അഞ്ച് മണിക്കൂർ നേരത്തേക്ക് അരി കുതിർക്കാൻ വയ്ക്കുക. ശേഷം കഴുകി വൃത്തിയാക്കി അതിൽനിന്നും അര കപ്പ് അരിയെടുത്ത് അതിൽ അര കപ്പ് നാളികേരപ്പാൽ ചേർത്ത് തരി ഇല്ലാതെ അരച്ചെടുക്കുക. അരച്ചെടുത്തതിനുശേഷം അതിൽ നിന്നും കുറച്ച് മാവെടുത്ത് ഒരുകപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ചൂടാക്കി കുറുക്കിയെടുക്കുക.
കുറുക്കിയെടുത്ത മാവ് നന്നായി തണുത്തതിനുശേഷം അതിലേക്ക് മാറ്റിവെച്ച അരക്കപ്പ് അരിയും അരക്കപ്പ് തേങ്ങയും ആവശ്യത്തിന് പഞ്ചസാരയും കാൽടീസ്പൂൺ യീസ്റ്റും അരക്കപ്പ് തേങ്ങാപാലും ചേർത്ത് നന്നായി തരിയില്ലാതെ അരച്ചെടുക്കുക. അതിനുശേഷം നേരത്തെ അരച്ചുവച്ച മാവിലേക്ക് കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അഞ്ചു മണിക്കൂർ നേരത്തേക്ക് മാവ് അടച്ചുവെക്കുക.
മാവ് നന്നായി പൊന്തി വന്നതിനുശേഷം അര ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം വട്ടയപ്പം തയ്യാറാക്കുന്ന പാത്രത്തിൽ അല്പം നെയ്യോ എണ്ണയോ പുരട്ടിയെടുത്ത് പാത്രത്തിന്റെ പകുതിയോളം മാവ് ഒഴിക്കുക. ശേഷം 25 മിനിറ്റോളം ആവിയിൽ വെച്ച് വേവിച്ചെടുക്കുക. ചൂട് എല്ലാം പോയതിന് ശേഷം പാത്രത്തിൽ നിന്നും അടർത്തിയെടുക്കുക. കുട്ടികൾക്കെല്ലാം തന്നെ വളരെയധികം ഇഷ്ടപ്പെടുന്ന സോഫ്റ്റ് വട്ടയപ്പം ഇതുപോലെതന്നെ വീട്ടിൽ തയ്യാറാക്കാം.