പത്തിരിക്കും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ നല്ല മുട്ടക്കറി ഉണ്ടെങ്കിൽ മറ്റൊന്നും തന്നെ വേണ്ട. ഉള്ളിയും മസാലയും വഴറ്റി വളരെ സ്വാദേറിയ മുട്ടക്കറിയാണ് പൊതുവേ എല്ലാ വീട്ടമ്മമാരും തയ്യാറാക്കുന്നത്. എന്നാൽ ഇനി ഉള്ളി വഴറ്റി സമയം കളയേണ്ടതില്ല. കുക്കറിൽ വളരെ പെട്ടെന്ന് തന്നെ മുട്ടക്കറി തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വന്നതിനുശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ വെളുത്തുള്ളി, ഒന്നരടീസ്പൂൺ ഇഞ്ചി, 5 പച്ചമുളക്, ആവശ്യത്തിനു കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് മൂന്നു വലിയ സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതായൊന്ന് ഇളക്കിക്കൊടുക്കുക. അതിനുശേഷം അതിലേക്ക് മൂന്ന് സ്പൂൺ വെള്ളം ഒഴിക്കുക. തീ കുറച്ച് വെച്ച് കുക്കർ മൂടി ഒരു നാലു വിസിൽ വരുന്നത് വരെ കാത്തിരിക്കുക.
ഇതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, ഒരു ഏലക്കായ, ചെറിയ കഷ്ണം കറുവപട്ട, ഒരു ഗ്രാമ്പു, അര ടീസ്പൂൺ പെരുംജീരകം, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. കുക്കറിൽ നിന്ന് വിസിൽ വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പൊടികളുടെ പച്ചമണം മാറി വന്നതിനുശേഷം 3 തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂടിവെച്ച് വേവിക്കുക.
അതിലേക്ക് അരച്ച് വച്ച തേങ്ങയും ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ശേഷം കറി നല്ലതുപോലെ തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം പുഴുങ്ങി എടുത്ത മുട്ട ചേർത്ത് വീണ്ടും തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി കുറച്ച് കടുകും രണ്ട് സ്പൂൺ ഉള്ളി അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് തയ്യാറാക്കിയ കറിയിലേക്ക് താളിച്ച് ഒഴിക്കുക. ചൂടോടുകൂടി കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.