വട കഴിക്കാൻ താല്പര്യം ഇല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് വട. തട്ടുകടയിൽ നിന്നും ഹോട്ടലിൽ നിന്നും എല്ലാം ലഭിക്കുന്ന മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാൻ ശ്രമിച്ചാൽ ഉണ്ടാക്കുന്ന സമയത്ത് നല്ല മൊരിഞ്ഞ് ഇരുന്നാലും കുറച്ചുനേരം കഴിഞ്ഞാൽ പെട്ടെന്ന് തന്നെ തണുത്ത് പോകാറാണ് പതിവ്. എന്നാൽ ഇപ്പോൾ ഹോട്ടലിൽ നിന്നും കടയിൽ നിന്നും കിട്ടുന്ന മൊരിഞ്ഞ വട വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം.
ഇത് തയ്യാറാക്കാൻ ഒരു കപ്പ് ഉഴുന്ന് കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ നേരത്തേക്ക് കുതിർക്കാൻ വയ്ക്കുക. ഉഴുന്ന് നല്ലതുപോലെ കുതിർന്നതിനു ശേഷം തരിയില്ലാതെ അരച്ചെടുക്കുക. അതിനുശേഷം മാവ് നല്ല സോഫ്റ്റായി ലഭിക്കുന്നതിന് ഒരു കഷണം ഐസ്ക്യൂബ് ഇട്ട് ഒരുവട്ടം കൂടി അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി, ഒരു ചെറിയ നുള്ള് ബേക്കിംഗ് സോഡാ, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം കൈ കൊണ്ട് 5 മിനിറ്റ് എങ്കിലും നന്നായി ഇളക്കി എടുക്കുക. അതിലേക്ക് അരടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, പകുതി സവാള ചെറുതായി അരിഞ്ഞത്, എരിവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി, ചെറുതായി അരിഞ്ഞ കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് ഇളക്കിയോജിപ്പിക്കുക.
അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അടച്ച് മാറ്റിവെക്കുക. ശേഷം ആവശ്യത്തിന് മാവ് എടുത്തു കയ്യിൽ വെച്ച് വടയുടെ ആകൃതിയിൽ ഉണ്ടാക്കി ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. വടയുടെ എല്ലാ ഭാഗവും തിരിച്ചും മറിച്ചുമിട്ട് നന്നായി മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ എടുത്തു മാറ്റുക. വളരെ രുചികരമായ മൊരിഞ്ഞ വട ഈ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.