തേങ്ങാപ്പാൽ ചേർത്ത് കുറുക്കി എടുത്ത മീൻ കറിയാണ് നാടൻ കേരള സ്റ്റൈൽ മീൻ കറി. തേങ്ങാപ്പാൽ ചേർക്കാതെയും വളരെ രുചികരമായ കുറുകിയ മീൻ കറി തയ്യാറാക്കാം. ഏതു മീൻ വേണമെങ്കിലും ഈ രീതിയിൽ വളരെ രുചികരമായി തയ്യാറാക്കാം. ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മാറ്റിവയ്ക്കുക. മിക്സിയുടെ ജാറിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചി, 4 വെളുത്തുള്ളി എന്നിവയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം എടുത്തു വച്ച മീനിലേക്ക് നന്നായി തേച്ചുപിടിപ്പിച്ച് മാറ്റിവയ്ക്കുക. അരമണിക്കൂർ മാറ്റിവച്ചത് ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് മീൻ പകുതി വേവിൽ പൊരിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി ഒരു വലിയ സവോള, 10വെളുത്തുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി, ആവശ്യത്തിനു കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
നന്നായി വഴറ്റി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ടു വലിയ തക്കാളി അരിഞ്ഞത് ചേർക്കുക. തക്കാളി വഴന്നുവന്നാൽ അര ടീസ്പൂൺ വീതം ഉലുവപ്പൊടിയും കായപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ആവശ്യത്തിന് വെള്ളവും പുളിക്ക് ആവശ്യമായ കുടമ്പുളിയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം വറുത്തു വെച്ച മീൻ ചേർത്ത് നന്നായി വേവിച്ചെടുക്കുക. മീൻ നന്നായി വെന്തു വന്നതിനുശേഷം തീ ഓഫ് ചെയ്ത് പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇറക്കി വയ്ക്കാവുന്നതാണ്. തേങ്ങാപ്പാൽ ഒന്നും ചേർക്കാതെ തന്നെ നാടൻ മീൻ കറി ഇതുപോലെ തയ്യാറാക്കാം. ഏതു മീൻ ഉപയോഗിച്ചും ഇതുപോലെ കറി ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.