ഇഡലിക്കും ദോശയ്ക്കും ചോറിനും കൂടെ കഴിക്കാൻ ഒരുപോലെ ചേർന്നുപോകുന്ന ഒന്നാണ് ചമ്മന്തിപ്പൊടി. ചമ്മന്തി പൊടി വെളിച്ചെണ്ണയും ചേർത്ത് ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കുന്നത് വളരെ രുചികരമാണ്. എന്നാൽ കൂടുതൽ കാലം ചമ്മന്തിപൊടി സൂക്ഷിച്ചു വക്കാൻ സാധിക്കാറില്ല. എന്നാൽ വളരെകാലം സൂക്ഷിച്ചുവെയ്ക്കാവുന്ന ഒരു ചമ്മന്തി പൊടി വളരെ പെട്ടന്ന് തയ്യാറാക്കാം.
ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു തേങ്ങാ മുഴുവനായി ചിരകിയത് ചേർത്ത് കൊടുക്കുക. അതിലേക്ക് നാല് ടീസ്പൂൺ ഉഴുന്ന് ചേർക്കുക. എരുവിന് ആവശ്യമായ ഉണക്കമുളക് ചേർക്കുക. അതിലേക്ക് അര ടീസ്പൂൺ കുരുമുളക് ചേർക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക.
വെളിച്ചെണ്ണ ഒന്നും ചേർക്കാതെ തന്നെ നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങയുടെ നിറം ചെറുതായൊന്ന് മാറിവരുന്ന സമയത്ത് പുളിക്ക് ആവശ്യമായ വാളംപുളി ചേർക്കുക. ശേഷം നന്നായി വറുത്ത് എടുക്കുക. തേങ്ങ ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കായപ്പൊടി ചേർക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
നല്ലതുപോലെ ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ടോ ഉരലിൽ ഇട്ടോ പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി സൂക്ഷിക്കാവുന്നതാണ്. ഇതിലേക്ക് ഉള്ളിയോ ഇഞ്ചിയോ ചേർകേണ്ടതില്ല. അവ പെട്ടെന്ന് തന്നെ ചമ്മന്തിപ്പൊടി കേടാവാൻ കാരണമാകുന്നു. ഇനി കുറെ നാൾ ചമ്മന്തിപ്പൊടി കേടുവരാതെ സൂക്ഷിച്ചു വെക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.