വെള്ളക്കടല ഉപയോഗിച്ച് പലതരത്തിൽ പല രുചിയിൽ കറി ഉണ്ടാക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. പുതിയ ഒരു രുചിയിൽ കടല കറി തയ്യാറാക്കാം. ഇതു ചേർത്ത് വെള്ളക്കടല വളരെ രുചികരമായി തന്നെ ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളക്കടല വേവിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ആവശ്യത്തിന് തേങ്ങ കൊത്ത് ഇട്ട് വറുത്തെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക അതേ എണ്ണയിലേക്ക് നാലു വലിയ വെളുത്തുള്ളിയും ഒരു വലിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും ഇട്ട് വറുത്തെടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും 3 പച്ചമുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. സവാള വഴന്നു വരുന്ന സമയം കൊണ്ട് മിക്സിയുടെ ജാറിലേക്ക് വറുത്തുവെച്ച തേങ്ങയും ഇഞ്ചിയും വെളുത്തുള്ളിയും മുക്കാൽ ടീസ്പൂൺ പെരുംജീരകം, വേവിച്ചുവെച്ച ഒരു ടീസ്പൂൺ വെള്ളക്കടല ഇട്ടു കൊടുക്കുക.
അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. സവാള നന്നായി വഴന്നു വന്നാൽ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ഇട്ട് നന്നായി വഴറ്റിയതിനു ശേഷം ഒരു തക്കാളി ചെറു കഷണങ്ങളാക്കി നുറുക്കിയത് ഇട്ടു കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് അടച്ചുവെച്ച് തക്കാളി നന്നായി വേവിക്കുക. തക്കാളി നന്നായി വെന്തു തുടങ്ങിയതിനു ശേഷം വേവിച്ചുവെച്ച വെള്ളക്കടല ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് അരച്ച് വച്ച അരപ്പും ചേർത്ത് ഇളക്കുക. 10 മിനിറ്റ് നന്നായി തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചതിനുശേഷം അല്പം കസൂരിമേത്തി ചേർത്ത് കൊടുക്കുക. നന്നായി കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം മറ്റൊരു പാത്രത്തിൽ അൽപം എണ്ണയൊഴിച്ച് ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ തേങ്ങാക്കൊത്തും ഇട്ട് വറുത്ത് കറിയിലേക്ക് ചേർക്കാവുന്നതാണ്. ഈ കറി ചോറ്, ദോശ, ഇഡലി, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.