ഏതു പ്രായക്കാർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് അച്ചാർ. ഏതുതരം അച്ചാർ ആയാലും നല്ല രുചികരമായി ഉണ്ടാക്കിയാൽ അത് കഴിക്കാൻ ആളുകളുണ്ടാകും. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് രുചികരമായ അച്ചാർ അങ്ങനെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 150 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മാറ്റിവെക്കുക. ഒരു പാനിലേക്ക് മൂന്നോ നാലോ ടീസ്പൂൺ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
നല്ലെണ്ണക്കു പകരം ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിക്കാവുന്നതാണ്. ശേഷം അതിലേക്ക് വറുത്ത് വച്ചിരിക്കുന്ന വെളുത്തുള്ളി, 6 പച്ചമുളക് ചെറുതായി അരിഞ്ഞത്, ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക. ശേഷം നന്നായി വഴറ്റി കൊടുക്കുക. വഴറ്റിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതേ പാനിലേക്ക് എടുത്തു വച്ചിരിക്കുന്ന ഇഞ്ചിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി കൊടുക്കുക.
ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. അതിനു ശേഷം അതേ എണ്ണയിലേക്ക് മുക്കാൽ ടി സ്പൂൺ കടുകിട്ടു കൊടുക്കുക. കടുക് നന്നായി പൊട്ടി വന്നതിനുശേഷം തീ കുറച്ചു വക്കുക. ശേഷം അതിലേക്ക് മൂന്ന് ടീ സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി, അര ടീ സ്പൂൺ കായപ്പൊടി എന്നിവയെല്ലാം ചേർത്ത് കൊടുക്കുക. പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു നെല്ലിക്ക വലിപ്പത്തിൽ പുളി എടുത്ത് വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. ചെറുതീയിൽ നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്തു നന്നായി ഇളക്കുക. ശേഷം ഒരു ടീസ്പൂൺ ശർക്കര ചേർക്കുക. അതിനുശേഷം വറുത്ത് വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചെറുതായി ഒന്ന് കുറുകി വന്നതിനുശേഷം. മറ്റൊരു പാത്രത്തിലേക്ക് പകർന്നു വക്കാം. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഇഞ്ചി വെളുത്തുള്ളി അച്ചാർ എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.