ചോറിനോടൊപ്പം മീൻ കറി കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. തേങ്ങാപ്പാൽ ചേർത്ത നല്ല രുചികരമായ മീൻ കറി എല്ലാവർക്കും ഇഷ്ടമാണ്. ചോറിനൊപ്പം മാത്രമല്ല പുട്ട്, പത്തിരി എന്നിവയ്ക്കൊപ്പവും കഴിക്കാൻ മീൻ കറി നല്ലതാണ്. ഇവിടെ മാന്തൾ ഉപയോഗിച്ചുകൊണ്ട് ഇതുവരെ കാണാത്ത രീതിയിലുള്ള രുചികരമായ മീൻ കറി തയ്യാറാക്കാം.ആദ്യമായി ഒരു മൺ ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മുക്കാൽ കപ്പ് ചെറിയ ഉള്ളി ഇട്ട് വഴറ്റി എടുക്കുക.
അതിലേക്ക് മൂന്ന് ചെറിയ കഷ്ണം ഇഞ്ചിയും 10 അല്ലി വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും രണ്ടു പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴറ്റി വന്നതിനുശേഷം മൂന്ന് വലിയ തക്കാളി ചെറുകഷണങ്ങളാക്കി അതിലേക്ക് ചേർക്കുക.നന്നായി വഴറ്റി വന്നതിനുശേഷം ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, അര സ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ പെരുംജീരകപൊടി, ഒരു സ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടിയുടെ പച്ചമണം എല്ലാം മാറിയതിനുശേഷം തണുക്കാനായി മാറ്റി വയ്ക്കുക. ചൂടാറിയതിനു ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. അതിനുശേഷം മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ഒരു സ്പൂൺ ഉലുവ ഇട്ട് പൊട്ടിച്ചെടുക്കുക.അതിലേക്ക് അല്പം കറിവേപ്പിലയും ചേർത്ത് അരച്ചുവെച്ച മിശ്രിതം ഒഴിക്കുക.
ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വന്നതിനുശേഷം മാന്തൾ ഇട്ടു വേവിക്കാൻ വയ്ക്കുക. മീൻ നന്നായി വെന്തു വന്നതിനുശേഷം മുക്കാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഇറക്കി വെക്കാം. ഇനി എല്ലാവർക്കും ചോറ്, പുട്ട്, പത്തിരി എന്നിവയോടൊപ്പം കഴിക്കാൻ രുചികരമായ ഈയൊരു മാന്തൾ കറി മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.