രാവിലെ ബ്രേക്ക്ഫാസ്റ്റ് പുട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ അതിന്റെ കൂടെ വേറെ കറികളും ഉണ്ടാക്കേണ്ടതായി വരും. എന്നാലിനി പുട്ട് കഴിക്കാൻ വേറെ കറികൾ ഒന്നും ഉണ്ടാകേണ്ടതില്ല. വളരെ രുചികരമായ ഒരു മുട്ട പുട്ട് തയ്യാറാക്കാം. ഇതുണ്ടാക്കാൻ ആദ്യം തന്നെ പുട്ടുപൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നനച്ചു വെക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം ചിരകിയ തേങ്ങ ചേർത്ത് കൊടുക്കുക. ശേഷം മാറ്റിവെക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ മുട്ട പൊട്ടിക്കൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കിവെക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് എടുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് ചിക്കി എടുക്കുക. മുട്ട നല്ലതുപോലെ വെന്തതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതേ പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, രണ്ടു പച്ചമുളക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അതിനു ശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക അടച്ചുവെച്ച് വേവിക്കുക.
അതിലേക്ക് ആവശ്യത്തിനു കറിവേപ്പില ചേർത്ത് കൊടുക്കുക. തക്കാളി വെന്തു വന്നതിനുശേഷം മുട്ട ചേർത്ത് ഇളക്കി യോജിപ്പിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം പുട്ടുകുറ്റി എടുത്ത് ആദ്യം പുട്ടുപൊടി ഇടുക, ശേഷം തയ്യാറാക്കി വെച്ച മസാല ഇടുക, അതിനു മുകളിൽ വീണ്ടും പുട്ടുപൊടി ഇടുക. ഈ രീതിയിൽ പുട്ട് തയ്യാറാക്കുക. അതിനു ശേഷം ആവിയിൽ വേവിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.