തട്ടുകടയിലെ സ്പെഷ്യൽ മുട്ട ബജ്ജി എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ടതാണ്. എന്നാൽ തട്ടുകടയിലെ മുട്ട ബജിയിൽ നിന്നും വ്യത്യസ്തമായ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഇഞ്ചി രണ്ടായി മുറിച്ചത്, രണ്ടു ചെറിയ ഉള്ളി, എരുവിന് ആവശ്യമായ പച്ചമുളക്, ഒരുപിടി മല്ലിയില, ആവശ്യത്തിനു കറിവേപ്പില, അര കപ്പ് തേങ്ങ ചിരകിയത്, ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം മുട്ട ബജിക്ക് ആവശ്യമായ മുട്ട പുഴുങ്ങിയെടുത്ത് പകുതിയായി മുറിക്കുക.
ശേഷം ഓരോ മുട്ട പകുതിയിലേക്ക് തയ്യാറാക്കിവെച്ച ചമ്മന്തി വച്ച് കൊടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് കടലമാവ്, കാൽ ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി. ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ബജി യുടെ മാവ് തയ്യാറാക്കി എടുക്കുക. ഈ മാവിലേക്ക് ആവശ്യമെങ്കിൽ പെരുംജീരകം അരടീസ്പൂൺ ചേർക്കാവുന്നതാണ്.
തയ്യാറാക്കുന്ന മാവ് ഒരുപാട് ലൂസായി പോകാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം ഒരു പാൻ ചൂടാക്കി ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. മുട്ട മുഴുവനായി മുങ്ങിക്കിടക്കുന്ന രീതിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം മീഡിയം തീയിൽ വച്ചു കൊടുക്കുക. അതിനുശേഷം ഓരോ മുട്ടയും എടുത്ത് തയ്യാറാക്കിവെച്ച മാവിൽ മുക്കി എടുക്കുക. മുട്ട മാവിൽ മുഴുവനായും പൊടിഞ്ഞു ഇരിക്കാൻ ശ്രദ്ധിക്കുക.
അതിനുശേഷം ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നന്നായി പൊരിച്ചെടുക്കുക. തീ കുറച്ചു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഇല്ലെങ്കിൽ പെട്ടന്ന് തന്നെ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ മൂപ്പിച്ച് പാകമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ മുട്ടബജി എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.