പായസങ്ങളിൽ പ്രഥമന് ഒരു പ്രത്യേക സ്ഥാനമാണ്. പലതരത്തിലുള്ള പ്രഥമൻ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ സദ്യയ്ക്ക് എല്ലാം വിളമ്പുന്ന നേന്ത്രപ്പഴം പ്രഥമൻ വീട്ടിൽ അതെ രുചിയിൽ തയ്യാറാക്കാം. അതിന് ഈ ചേരുവ മാത്രം ചേർത്താൽ മതി. അതിനായി ആദ്യം തന്നെ ഒരു കപ്പ് ചവ്വരി അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് വെക്കുക. ശേഷം ഒരു കിലോ നേന്ത്രപ്പഴം എടുത്ത് ആവിയിൽ വെച്ച് പുഴുങ്ങിയെടുക്കുക. നന്നായി പുഴുങ്ങിയതിനു ശേഷം നേന്ത്രപ്പഴം അരച്ചെടുക്കുക.
അടുത്തതായി ഒരു കിലോ ശർക്കര ഒന്നര കപ്പ് വെള്ളവും ചേർത്ത് അലിയിചെടുക്കുക. ശേഷം കുതിർത്ത് വെച്ച് ചവ്വരി എടുത്ത് 6 ഗ്ലാസ് വെള്ളമൊഴിച്ച് നന്നായി 10 മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നെയ്യൊഴിച്ച് പായസത്തിനു ആവശ്യമായ കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെച്ച് അതേ നെയ്യിലേക്ക് അരച്ചു വെച്ച നേന്ത്രപ്പഴം ചേർക്കുക. 15 മിനിറ്റോളം നേന്ത്രപ്പഴം നന്നായി വഴറ്റിയെടുക്കുക.
നന്നായി വഴറ്റി വന്നതിനു ശേഷം തയ്യാറാക്കി വെച്ച ശർക്കരപ്പാനിയിൽ നിന്നും മുക്കാൽ ഭാഗം അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയോജിപ്പിക്കുക. നന്നായി കുറുകി വന്നതിനുശേഷം നാല് കപ്പ് രണ്ടാം പാൽ ചേർക്കുക. തേങ്ങ പാലിൽ നന്നായി കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ മാത്രം മാറ്റിവെച്ച ശർക്കര മധുരത്തിനായി ചേർക്കുക. ശേഷം വേവിച്ചുവെച്ച ചവ്വരി ചേർത്ത് വീണ്ടും കുറുക്കിയെടുക്കുക.
നന്നായി കുറുകി വന്നതിനുശേഷം അതിലേക്ക് അരടീസ്പൂൺ ചുക്കുപൊടി, അര സ്പൂൺ ഏലക്ക പൊടി, അരടീസ്പൂൺ ചെറു ജീരകപ്പൊടി എന്നിവയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം തീയണച്ച് പാത്രം ഇറക്കി വയ്ക്കാം. അതിലേക്ക് വറുത്തുവെച്ച കശുവണ്ടിയും മുന്തിരിയും ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ തേങ്ങാക്കൊത്ത് നെയ്യിൽ വറുത്ത് ചേർക്കാവുന്നതാണ്. വളരെ രുചികരമായ നേന്ത്രപ്പഴം പ്രഥമൻ തയ്യാർ. സദ്യയിൽ വിളമ്പുന്ന നേന്ത്രപ്പഴം പ്രഥമൻ ഈ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.